തലശ്ശേരി: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തുന്ന സമരം തലശ്ശേരിയിലും പൂർണം. ഐ.എം.എ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തലശ്ശേരി ജനറൽ ആശുപത്രിയിൽ കെ.ജി.എം.ഒ നേതൃത്വത്തിൽ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് സമരത്തിൽ പങ്കെടുത്തു.
അത്യാഹിത വിഭാഗം, കിടത്തി ചികിത്സയിലുള്ള രോഗികൾ, പ്രസവവിഭാഗം എന്നിവക്ക് മാത്രമേ ചികിത്സ ലഭ്യമായുള്ളു. കേരള ഗവ. നഴ്സസ് അസോസിയേഷൻ ഉൾപ്പെടെയുള്ള നഴ്സുമാരുടെ സംഘടനകളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
മാഹിയിലും സമരം
മാഹി: കൊൽക്കത്തയിൽ വനിത ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ മാഹിയിലും പ്രതിഷേധ സമരം. മാഹി ഗവ. ജനറൽ ആശുപത്രി ജീവനക്കാരാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ച ശേഷമാണ് ഡോക്ടർമാരും ജീവനക്കാരും സമരത്തിനിറങ്ങിയത്.
ഡോ. മുഹമ്മദ് ഇഷാക് ഷാമിർ സമരം ഉദ്ഘാടനം ചെയ്തു. ഡോ. ആദിൽ വാഫി അധ്യക്ഷത വഹിച്ചു. ഡോ. പുഷ്പ ദിനരാജ്, ഡോ. അതുൽ ചന്ദ്രൻ, ഡോ. തേജൽ, ഡോ. എ. മേഘ്ന, ഡോ. എം. മുനീബ്, നഴ്സിങ് സൂപ്രണ്ട് അജിതകുമാരി, പബ്ലിക്ക് ഹെൽത്ത് നഴ്സിങ് ഓഫിസർ ബി. ശോഭന, ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കെ.എം. പവിത്രൻ, എൻ. മോഹനൻ എന്നിവർ സംസാരിച്ചു.