പാപ്പിനിശ്ശേരി: ആറ് വർഷം മുമ്പ് കോടികൾ മുടക്കി നവീകരിച്ച പാപ്പിനിശ്ശേരി -പിലാത്തറ കെ.എസ്.ടി.പി റോഡ് കുഴിപ്പാതയായി മാറി. റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടും നവീകരിക്കാൻ നടപടിയുണ്ടായിട്ടില്ല.
ദേശീയപാതയിൽനിന്ന് പഴയങ്ങാടി റോഡ് കവല മുതൽ കരിക്കൻകുളം വരെയുള്ള രണ്ട് കി.മീറ്റർ പരിധിക്കുള്ളിൽ മാത്രം 200ഓളം കുഴികളാണുള്ളത്. തെരുവുവിളക്ക് പോലും ഇല്ലാതെ അപകടങ്ങൾക്ക് കുപ്രസിദ്ധി നേടിയ പാതയിലെ കുഴികൾ നിരവധി അപകടങ്ങൾക്ക് കാരണമാകുകയാണ്. 21 കി.മീ ദൈർഘ്യമുള്ള പാപ്പിനിശ്ശേരി -പിലാത്തറ റോഡ് ഹൈടെക് സൗകര്യമൊരുക്കിയതായി പ്രഖ്യാപിച്ച് 2018 നവംബറിലാണ് തുറന്നുകൊടുത്തത്. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ റോഡിലെ 200ൽപരം സൗരവിളക്കുകൾ കണ്ണടച്ചു. ഇത്രയും വർഷം കഴിഞ്ഞിട്ടും കുറ്റകുറ്റപണി നടത്തിയിട്ടില്ല. ഹൈടെക് പാതയാണെങ്കിലും റോഡിന്റെ തകർച്ചയും വർഷം കഴിയുന്തോറും പതിന്മടങ്ങ് വർധിക്കുകയാണ്. പാപ്പിനിശ്ശേരിക്കും താവത്തിനും ഇടയിൽ മാത്രം നൂറുകണക്കിന് കുഴികളാണ് വാഹനങ്ങളെ വരവേൽക്കുന്നത്. രണ്ടു വർഷമായി പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ അറ്റകുറ്റപണിയെന്ന പേരിൽ പൊടികൈകൾ പ്രയോഗിച്ചെങ്കിലും ഫലം കണ്ടില്ല.
പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളുടെ സ്ഥിതിയും ഇതുതന്നെ. 2013ൽ പ്രവൃത്തി തുടങ്ങി 2018ൽ തുറന്നു കൊടുത്ത റോഡിന്റെയും പാലങ്ങളുടെയും നിർമാണത്തിനെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും ഒന്നുംവെളിച്ചം കണ്ടില്ല. പാപ്പിനിശ്ശേരി, താവം മേൽപ്പാലങ്ങളും രണ്ട് വർഷം മുമ്പ് ആഴ്ചകളോളം അടച്ചിട്ട് അറ്റകുറ്റപണി നടത്തിയിട്ടും ഒരു പ്രയോജനവും യാത്രക്കാർക്കുണ്ടായിട്ടില്ല.