ഇരിട്ടി: പായം പഞ്ചായത്തിൽ അനുമതിയില്ലാതെ നടത്തിയെന്ന് കണ്ടെത്തിയ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള തൊഴിലിന്റെ പണിക്കൂലി പിഴ പലിശയടക്കം ഉദ്യോഗസ്ഥർ നൽകണമെന്ന് ഓംബുഡ്സ്മാൻ അപ്പലേറ്റ് കമ്മിറ്റി ഉത്തരവിട്ടു. പായം പഞ്ചായത്തിന്റെ പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള സ്ഥലത്ത് അധികൃതരുടെ അനുമതിയില്ലാതെ പായം പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം നടത്തിയ തൊഴിലുറപ്പുപണി നിയമവിരുദ്ധമാണെന്നും. പണിയുടെ കൂലി ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കി തൊഴിലാളികൾക്ക് നൽകാനും ഉത്തരവിട്ട ഓംബുഡ്സ്മാൻ കെ.എം. രാമകൃഷ്ണന്റെ ഉത്തരവിനെതിരെ ആരോപണ വിധേയരായ പായം പഞ്ചായത്തിലെ ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ തള്ളിയാണ് ഓംബുഡ്സ്മാൻ അപ്പ് ലേറ്റ് അതോറിറ്റി പലിശ സഹിതം പണിക്കൂലി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഉദ്യോഗസ്ഥർ നൽകണമെന്ന് ഉത്തരവിട്ടത്.
8 മാസം മുമ്പാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ അറിവില്ലാതെ എസ്റ്റിമേറ്റിൽ ഉൾപ്പെടാത്ത പഴശ്ശി ഇറിഗേഷൻ അധീനതയിലുള്ള സ്ഥലത്ത് മറ്റൊരു പണിയുടെ മസ്റ്റർറോൾ പ്രകാരം ജോലി ചെയ്യിപ്പിച്ചതിനെതിരെ പഞ്ചായത്തിലെ താമസക്കാരനായ പ്രജീഷ് പ്രഭാകർ ഓംബുഡ്സ്മാന് നൽകിയ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രവൃത്തിയിൽ ക്രമക്കേട് നടന്നതായും തൊഴിലുറപ്പ് മേറ്റിന്റെയും തൊഴിലുറപ്പ് പദ്ധതിയുടെ ചുമതലയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് കടുത്ത വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു.
ഇതേതുടർന്നാണ് മേറ്റിനെ ആസ്ഥാനത്തു നിന്നും നീക്കം ചെയ്യാനും അനുമതിയില്ലാതെ നടത്തിയ തൊഴിലുറപ്പു പദ്ധതി പ്രകാരം തൊഴിലാളികൾക്ക് കൂലി നൽകാൻ ചെലവഴിച്ച തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നും കെ.എം. രാമകൃഷ്ണൻ ഉത്തരവിട്ടത്. പരാതിയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ നിയമലംഘനങ്ങളും ബന്ധപ്പെട്ടവരുടെ അറിവോടെയാണ് ഉണ്ടായതെന്നും ഉത്തരവിൽ പറയുന്നു.
പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, ബ്ലോക്ക്പഞ്ചായത്തിലെ ബി.പി.ഒ, ജോയന്റ് ബി.ഡി.ഒ, വി.ഇ.ഒ, പഞ്ചായത്തുതല സാങ്കേതികവിഭാഗം ജീവനക്കാർ എന്നിവർ പഞ്ചായത്തിലെ പ്രവൃത്തികൾ സന്ദർശിക്കുകയും അവലോകന യോഗങ്ങൾ നടത്തി ഫീൽഡ് തല പരിശോധനകൾ നടത്തുകയും ചെയ്തിരുന്നെങ്കിൽ ഇത്തരം പരാതികൾ ഉണ്ടാകുമായിരുന്നില്ലെന്നും ഓംബുഡ്സ്മാൻ ഉത്തരവിൽ പറയുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥർ നൽകിയ അപ്പീൽ തള്ളിയാണ് അപ്പലേറ്റ് അതോറിറ്റി പിഴ പലിശയടക്കം കൂലി തൊഴിലാളികൾക്ക് നൽകാൻ ഉത്തരവിട്ടത്.