Wed. May 15th, 2024

കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

By editor Mar29,2024 #kannur news
കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നുമാണ് സൂചന.

മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് പരാതി നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

നേതാക്കൾ അന്ത്യവിശ്രമംകൊള്ളുന്നയിടത്തെ സ്തൂപത്തിലും ചിത്രങ്ങളിലുമാണ് രാസദ്രാവകം ഒഴിച്ച് വികൃതമാക്കിയത്. കണ്ണൂർ എ.സി.പി സിബി ടോം, ടൗൺ ഇൻസ്​പെക്ടർ കെ.സി. സുഭാഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്. അനിഷ്ട സംഭവങ്ങളില്ലാതിരിക്കാൻ പൊലീസിന്റെ ഭാഗത്തുനിന്നും ജാഗ്രതയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണർ അജിത്ത് കുമാർ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ ഗ്രാനൈറ്റിൽ തീർത്ത ചിത്രം പൂർണമായും വികൃതമാക്കിയിരുന്നു. ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നിവരുടെ സ്തൂപത്തിലെ പേരിനുമുകളിൽ രാസവസ്തു ഒഴിച്ച് നാശമാക്കി. സംഭവമറിഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ്, എം.വി. ജയരാജൻ തുടങ്ങിയവർ പയ്യാമ്പലം സന്ദർശിച്ചു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ കാര്യങ്ങളിൽനിന്ന് ശ്രദ്ധമാറ്റി തെറ്റായ ദിശയിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന ഇതിനു പിന്നിലുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ വൈകാരികമായി കാണുന്ന സ്മൃതി മണ്ഡപങ്ങൾക്കെതിരായ കടന്നാക്രമണം ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇതിനുപിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം. ആത്മസംയമനത്തോടെ പ്രവർത്തകർ മുന്നോട്ടുപോകണമെന്നും പ്രകോപനങ്ങൾക്ക് വിധേയമാകരുതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!