Thu. May 16th, 2024

പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

By editor Apr8,2024 #kannur news
പാനൂർ സ്ഫോടനം: മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ നേതാവ് പിടിയിൽ

കണ്ണൂര്‍: പാനൂർ മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ ഉൾപ്പെടെ രണ്ടുപേർ കൂടി പിടിയിൽ. ഡി.വൈ.എഫ്.ഐ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി മീത്തലെ കുന്നോത്തുപറമ്പ് ത​ങ്കേശപുരയിൽ ഷാജിൽ (27), കൂട്ടാളി കരിയാവുള്ളതിൽ ചാലി അക്ഷയ് (27) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഷിജാലിനെ കണ്ടെത്താൻ മൂന്നുദിവസമായി പൊലീസ് വ്യാപക തിരച്ചിലായിരുന്നു. ഇതിനിടെ ഉദുമൽപേട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പാലക്കാട് ബോർഡറിൽ വെച്ചാണ് പിടികൂടിയത്. മരിച്ച ഷിറിൽ ഉൾപ്പെടെ 12 പേരാണ് കേസിൽ ഉൾപ്പെട്ടത്.

ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28), മുളിയാത്തോട്ടെ സി.പി.എം പ്രവർത്തകൻ കരിപ്പന കാട്ടിൽ മിഥുൻ (31) എന്നിവർ ഉൾപ്പെടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അശ്വന്ത്, വിനോദ്, വിനീഷ് എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

ഷജിലിനെ ചോദ്യം ചെയ്യുന്നതോടെ ബോംബ് നിർമാണം ആർക്കുവേണ്ടി, എന്തിനുവേണ്ടി എന്ന കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് മുളിയാത്തോട് സ്ഫോടനം ഉണ്ടായത്.

സ്ഫോടനത്തിൽ പരിക്കേറ്റവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ജില്ല പൊലീസ് മേധാവി അജിത്ത് കുമാർ, കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാൽ എന്നിവരുടെ മേൽനോട്ടത്തിലാണ് കേസ് അന്വേഷണം.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!