കേളകം: മാസങ്ങളായി കനത്ത മഴ തുടർന്നതോടെ മലയോര ജനത കടുത്ത ദുരിതത്തിൽ. കർഷകരും കർഷക തൊഴിലാളികളും പട്ടിണിയുടെ വക്കിലായി. കൃഷിയിടങ്ങളിൽ തൊഴിൽ നിലച്ചത് കർഷക തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയപ്പോൾ കനത്ത മഴയിൽ വരുമാനം നിലച്ചതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്.
ഇതുമൂലമുണ്ടായ, സാമ്പത്തിക പ്രതിസന്ധി വ്യാപാര മേഖലക്കും കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാൻ വായ്പ തരപ്പെടുത്താനുള്ള നെട്ടോട്ടത്തിലാണെല്ലാവരും.
ഇതിനിടെ നിർമാണ മേഖലയും കടുത്ത പ്രതിസന്ധി നേരിട്ടത് മേഖലയിലെ തൊഴിലാളി കൾക്കും തിരിച്ചടിയായി. കരിങ്കൽ-ചെങ്കൽ ക്വാറികൾ മാസങ്ങളായി പ്രവർത്തനം നിർത്തിവെച്ചതും അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളെ സാമ്പത്തിക പ്രതിസന്ധിയിലാക്കി. തൊഴിൽ നിലച്ചതോടെ നൂറ് കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങിയിട്ടുണ്ട്.
കനത്ത മഴ മൂലം കാർഷിക-കാർഷികേതര മേഖലകളിലെ തൊഴിലുകൾ നിലച്ചതോടെ മലയോരം പട്ടിണിയുടെ പിടിയിലേക്ക് നീങ്ങുമ്പോൾ വ്യാപാര കേന്ദ്രങ്ങളിൽ ഇടപാടുകാരെത്താത്തതാണ് വിപണിക്ക് തിരിച്ചടിയായത്.
കാർഷിക മേഖലയിലെ തൊഴിലുകൾക്കൊപ്പം ചെങ്കൽ ക്വാറികളിലും നിർമാണ മേഖലയിലും പ്രവൃത്തികൾ നിലച്ചിട്ട് ആഴ്ചകളായി. വ്യാപാരികളും കടുത്ത പ്രതിസന്ധിയിലായത്.
വ്യാപാര ആവശ്യങ്ങൾക്കെടുത്ത കടവും തിരിച്ചടക്കാൻ മറ്റുവഴി തേടുകയാണ് വ്യാപാരികൾ. വായ്പ തിരിച്ചടവിനായും, ദൈനംദിന ജീവിത ചിലവിനായും അധികപേരും കനത്ത പലിശക്ക് പണം കടമെടുത്ത് പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്.