പയ്യന്നൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കുമ്പോൾ വഴിമാറുന്നത് മറ്റൊരു ചരിത്രവും. സ്റ്റേഷന്റെ പൂമുഖത്ത് നിറസാന്നിധ്യമായ ചായക്കട ഇനി അവിടെ ഉണ്ടാവില്ല. കയ്പും മധുരവും നിറഞ്ഞ സ്മൃതിയുമായി ചായക്കട യാത്രക്കാരുടെ ഇഷ്ടയിടമായിരുന്നു പതിറ്റാണ്ടുകളായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് തുടങ്ങിയ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് എതിർവശത്താണ് കഥപറയുന്ന ചായക്കട.1938ലാണ് ഈ സ്ഥാപനം തുടങ്ങിയത്.
തലമുറകളായി ഇപ്പോഴും നടത്തിവരുന്നു. തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് ടീസ്റ്റാൾ സ്ഥിതി ചെയ്തത്. അതുകൊണ്ടുതന്നെ നിരവധി നിയമലംഘന സമരങ്ങളുടെ തീക്ഷ്ണ സ്മൃതിയുണ്ട് ചായക്കടക്കു പറയാൻ.
നിലവിൽ ഇന്ത്യൻ റെയിൽവേ നിർമിച്ച കെട്ടിടത്തിലായിരുന്നു ചായക്കട പ്രവർത്തിച്ചു വന്നിരുന്നത്. കെട്ടിടം നവീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കട പൊളിച്ചുതുടങ്ങി. തുടക്കത്തിൽ സ്റ്റാൾ നടത്തിയത് കെ.വി. ഗോവിന്ദൻ നമ്പ്യാരായിരുന്നു. മുൻ കേരള സഹകരണ മന്ത്രിയായിരുന്ന എം.വി. രാഘവന്റെ പിതാവ് കെ.വി. ശങ്കരൻ നമ്പ്യാരുടെ അനുജനാണ് ഇദ്ദേഹമെന്നതും മറ്റൊരു പ്രത്യേകത കണ്ണൂർ തിലാന്നൂരാണ് അദ്ദേഹത്തിന്റെ സ്വദേശം. 1980ൽ മരിക്കുന്നതുവരെ ഗോവിന്ദൻ നമ്പ്യാരുടെ ഉടമസ്ഥതയിലാ യിരുന്നു സ്റ്റാൾ.
1948 മുതൽ അദ്ദേഹത്തെ സഹായിക്കാൻ സഹോദരീപുത്രനായ കെ.വി. കുഞ്ഞിരാമൻ നമ്പ്യാർ ഉണ്ടായിരുന്നു. കെ.വി. ഗോവിന്ദൻ നമ്പ്യാരുടെ കാലശേഷം ഭാര്യയായ ടി.പി. പാർവതി അമ്മയുടെ ഉടമസ്ഥതയിലായിരുന്നു സ്ഥാപനം. ഇവരുടെ സ്വദേശം കല്യാശ്ശേരി സെന്ററിലായിരുന്നു. 1997ൽ ഇവരുടെ മരണശേഷം മകളായ ടി.പി. രുഗ്മിണി അമ്മയുടെ ഉടമസ്ഥതയിലായി. അത് ഇപ്പോഴും തുടരുന്നു. കെ.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യയാണ് ടി.പി. രുഗ്മിണി അമ്മ. 2011ൽ കെ.വി. കുഞ്ഞിരാമൻ നമ്പ്യാരുടെ മരണശേഷം മക്കളായ ടി.പി. പ്രകാശനും ടി.പി. ദിനേശനും കുടുംബാംഗങ്ങളുമാണ് സ്റ്റാൾ നടത്തിക്കൊണ്ടിരിക്കുന്നത്.
കട ഇനി പ്രധാന കെട്ടിടത്തിന്റെ തെക്കുമാറി 12, 13 ബോഗികളുടെ സ്ഥാനത്തായിരിക്കും പ്രവൃത്തിക്കുക. ഇതിന്റെ അടിത്തറ റെയിൽവേ ഉണ്ടാക്കി നൽകും. മറ്റു പ്രവൃത്തികൾ ഉടമകൾ നിർവഹിക്കണം. എന്നാൽ, നേരത്തേ ഉണ്ടായ കടയിലെ സജീവത ഇനി ഉണ്ടാവില്ല. ചായ മാത്രമല്ല, പത്രമാധ്യമങ്ങളുടെ ഇവിടത്തെ വിപുല ശേഖരവും യാത്രക്കാരുടെ വായനയുടെ വാതായനങ്ങളായിരുന്നു.അതും ഇനി കുറയും.