മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക് പോലും കഴിയാത്ത അവസ്ഥയിലെത്തുകയാണ്. പ്രദേശവാസികൾ സ്ഥലം വിട്ടു കൊടുക്കാത്തതാണ് റോഡ് വികസനത്തിന് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ സ്ഥലത്തിന് കാര്യമായ വില നിശ്ചയിക്കാനോ അത് ഉറപ്പ് വരുത്താനോ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് കാരണം എന്നാണ് സ്ഥല ഉടമകൾ പറയുന്നത്.
എടക്കാട് നിന്നും കുളം ബസാറിൽ നിന്നും മുഴപ്പിലങ്ങാട് മഠത്തിനടുത്ത് നിന്നും യൂത്ത് മേൽപാലത്തിന് ശേഷവും കൂടി മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലു പ്രധാന റോഡ് വഴിയാണ് വാഹനങ്ങൾ ബീച്ചിലേക്കെത്തേണ്ടത്. ഇതിൽ എടക്കാടും, മഠവും വീതിയുള്ള റോഡാണെങ്കിലും കുളം ബസാർ വഴിയും യൂത്ത് വഴിയുമാണ് ബീച്ചിലേക്ക് പ്രധാനമായും വാഹനങ്ങൾ കടന്നു പോകുന്നത്.
റെയിൽവേ ഗേറ്റ് കടന്നാണ് വാഹനങ്ങൾ ബീച്ചിലേക്ക് പോകേണ്ടത്. എന്നാൽ മണിക്കൂറിൽ നാലു തവണയെങ്കിലും ഗേറ്റടച്ചിടും. കൂടാതെ അറ്റകുറ്റപ്പണിയുടെ പേരിൽ തുടർച്ചയായി ദിവസങ്ങളോളം ഗേറ്റടച്ചിടുന്ന ദുരിതവും കൂടിയാവുമ്പോൾ ഗതാഗതക്കുരുക്ക് ദേശീയ പാതയോളം നീളുകയാണ്. റോഡ് വികസനം തുടങ്ങിയതോടെ ഒറ്റ വരിയിലെ സർവീസ് റോഡ് കാരണം ഗേറ്റടച്ചാൽ ദുരിതവും കുരുക്കും രൂക്ഷമാവുന്നു.
ബീച്ച് വികസനത്തിന് വേണ്ടി കോടികൾ ചിലവിടുന്ന അധികൃതർ ബീച്ചിലേക്ക് പോകേണ്ട റോഡുകൾ വികസിപ്പിക്കുന്നതിന് ഒരു ധൃതിയും കാട്ടുന്നില്ല. കുളം ബീച്ച് റോഡ് വികസിപ്പിക്കാൻ അതാത് സർക്കാറുകൾ ഫണ്ടുകൾ നീക്കി വെക്കുന്നുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തി പ്രദേശത്തെ കുടുംബങ്ങളെ കൂടെ നിർത്തി നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥയാണ് തടസ്സമാകുന്നതെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. ഭൂമി വിട്ടുകൊടുക്കാൻ കുടുംബങ്ങൾ തയാറാണെങ്കിലും മാർക്കറ്റ് വില നിശ്ചയിച്ച് നഷ്ടപരിഹാരം കൊടുക്കുക എന്നത് പ്രധാനമാണ്. ഇതിന് പഞ്ചായത്ത് മുൻകൈ എടുത്ത് ഒരു നടപടിയും സ്വീകരിക്കപ്പെടുന്നില്ല എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ബീച്ചിലേക്ക് പോകുന്ന പ്രാധന റോഡായ യൂത്ത് ബീച്ച് റോഡും, കുളം ബീച്ച് റോഡും വർഷങ്ങൾക്ക് മുമ്പ് തന്നെ നിർമ്മിച്ച ഒറ്റ വരി റോഡാണ്. ഇരു വശവും മതിലുകൾ കെട്ടിയത് കാരണം വാഹനങ്ങൾ കടന്നു പോകുമ്പോൾ അതീവ കുരുക്കാണ് ഉണ്ടാവുന്നത്. ഇരു സൈഡിലും അൽപം ഭൂമി ഏറ്റെടുത്ത് പഞ്ചായത്ത് അർഹമായ നഷ്ട പരിഹാരം ഉടമകൾക്ക് നൽകാൻ തയാറാവുകയാണ് പ്രശ്നം പരിഹരിക്കാൻ ഏക മാർഗമെന്നും നാട്ടുകാർ പറയുന്നു.
മുഴപ്പിലങ്ങാട് ബീച്ചിലേക്ക് മേൽപാലത്തിന് ഭരണാനുമതി കിട്ടിയെങ്കിലും തുടർ പ്രവർത്തനം എങ്ങും എത്തിയിട്ടില്ല. മേൽപാലം യാഥാർഥ്യമായാലും കുളം ബീച്ച് റെയിൽവേ ഗേറ്റ് നിലനിർത്തേണ്ടതും ആവശ്യമാണ്. മുഴപ്പിലങ്ങാട് പഞ്ചായത്തിലെ 13, 14, 15 വാർഡുകളിലെ ആയിരത്തിലധികം വരുന്ന കുടുംബങ്ങളിലെ 5000 ത്തിലധികം ജനങ്ങൾ ആശ്രയിക്കുന്നത് കുളം ബസാറിനെയാണ്. കുടുംബാരോഗ്യ കേന്ദ്രം, സ്കൂളുകൾ, പള്ളികൾ, മദ്രസ്സകൾ എന്നിവയും കുളം ബസാർ കേന്ദ്രീകരിച്ച് മേൽ പറഞ്ഞ വാർഡുകളിൽ ഉണ്ട്. മേൽപാലത്തിന്‍റെ പേരിൽ നിലവിലെ കുളം ബീച്ച് റോഡ് ഇല്ലാതായാൽ കുളം ബസാർ തന്നെ ചരിത്രമാകും. ഇതോടൊപ്പം ബീച്ചിലേക്കെത്തുന്ന സന്ദർശകരും കൂടിയാവുമ്പോൾ അവരെ ഉൾക്കൊള്ളാൻ ഇത് വഴി പോകുന്ന റോഡുകൾക്കാകില്ല.