തളിപ്പറമ്പ്: ചെറുപുഴ പാടിയോട്ട്ചാലിൽ കസ്തൂരി ഗ്രന്ഥി വിൽപനക്കിടയിൽ മൂന്നു പേർ വനം വകുപ്പിന്റെ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെയാണ് പാടിയോട്ട്ചാൽ സ്വദേശികളായ സാജിദ്, ആസിഫ്, കുഞ്ഞിമംഗലം സ്വദേശി റിയാസ് എന്നിവരെ പിടികൂടിയത്.
ആസിഫിന്റെ വാടക വീടിന് സമീപത്തു നടത്തിയ പരിശോധനയിൽ രോമങ്ങളോടുകൂടിയ ബോൾ ആകൃതിയിലുള്ള വസ്തു പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയും കസ്തൂരി ഗ്രന്ഥിയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
കസ്തൂരി ഗ്രന്ഥിയും പ്രതികളെയും തുടർ നടപടികൾക്കായി തളിപ്പറമ്പ റേഞ്ച് ഓഫിസർക്ക് കൈമാറി. ഇവ മാനിന്റെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെട്ടതാണോ കൃത്രിമമായി ഉണ്ടാക്കിയതാണോയെന്നറിയാൻ ഇവയുടെ സാംപിൾ പരിശോധനക്ക് അയക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രതികൾക്ക് കസ്തൂരി ഗ്രന്ഥി നൽകിയ ആളെ കുറിച്ചുള്ള വിവരങ്ങൾ വനം വകുപ്പിന് ലഭിച്ചതായും സൂചനയുണ്ട്.