കോഴിക്കോട്: അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ എടുത്ത കേസിൽ കഴമ്പില്ലെന്ന് പോലീസ്. നേരിട്ടുള്ള ലൈംഗികാതിക്രമം എന്ന 354എ വകുപ്പ് പ്രഥമദൃഷ്‌ട്യാ നിലനിൽക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്‌ഥാനത്തിൽ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസയക്കില്ലെന്നാണ് വിവരം.
കേസിന്റെ ഫൈനൽ റിപ്പോർട്ടും കുറ്റപത്രവും ബുധനാഴ്‌ച സമർപ്പിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. കേസിലെ കണ്ടെത്തലുകളും പോലീസ് കോടതിയെ ബോധ്യപ്പെടുത്തും. കേസുമായി ബന്ധപ്പെട്ടു ഇന്നലെ കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്‌തിരുന്നു. രണ്ടുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്‌ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നായിരുന്നു നോട്ടീസ്.
എന്നാൽ, കേസിൽ കഴമ്പില്ലെന്ന നിഗമനത്തിന്റെ അടിസ്‌ഥാനത്തിൽ ഇനി നോട്ടീസയക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ കുടുംബാംഗങ്ങൾക്ക് ഒപ്പമാണ് സുരേഷ് ഗോപി നടക്കാവിലെത്തിയത്. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എംടി രമേശ്, പികെ കൃഷ്‌ണദാസ് തുടങ്ങിയ നേതാക്കളും സുരേഷ് ഗോപിക്കൊപ്പം എത്തിയിരുന്നു. ഡിസിപി കെഇ ബൈജു, എസിപിമാരായ പി ബിജുരാജ്, എ ഉമേഷ് തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥരുടെ നേതൃത്വത്തിലാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്‌തത്.
ഇക്കഴിഞ്ഞ ഒക്‌ടോബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് സംഭവമുണ്ടായത്. ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചതായാണ് പരാതി ഉയർന്നത്. മാദ്ധ്യമ പ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വെക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാദ്ധ്യമ പ്രവർത്തക കൈ തട്ടി മാറ്റുകയായിരുന്നു.
സംഭവം വിവാദമായതോടെ സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് ക്ഷമ ചോദിച്ചു രംഗത്ത് വന്നിരുന്നു. എന്നാൽ, സുരേഷ് ഗോപിയുടേത് വിശദീകരണം മാത്രമാണെന്നും മാപ്പ് പറച്ചിൽ അല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാദ്ധ്യമ പ്രവർത്തക നിയമനടപടിയുമായി മുന്നോട്ട് പോയത്.