Kannur News : പാനൂർ: റോഡിൽ മാലിന്യം തള്ളിയ സംഘത്തെ തിരഞ്ഞുപിടിച്ച് ശിക്ഷ നൽകി മൊകേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ.ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ച മൊകേരിയിലെ പൊതുറോഡിൽ വാഹനത്തിലെത്തി മാലിന്യം തള്ളിയ സംഘത്തെയാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ തേടിപ്പിടിച്ചത്. സംസ്ഥാന പാതയും നിർദിഷ്ട എയർപോർട്ട് റോഡുമായ പാനൂർ – കൂത്തുപറമ്പ് റോഡിലെ ഐ.വി. ദാസ് മന്ദിരത്തിന് സമീപത്ത് റോഡരികിൽ മാലിന്യം തള്ളിയവർക്കെതിരെയാണ് നടപടിയെടുത്തത്.
പഞ്ചായത്ത് വികസനകാര്യ-ക്ഷേമകാര്യ സ്ഥിരം സമിതിയംഗങ്ങളായ കെ.വി. മുകുന്ദൻ, വി.പി. ഷൈനി എന്നിവരുടെ അവസരോചിതമായ പ്രവർത്തനങ്ങളാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ചാക്കിലെ മാലിന്യത്തിൽനിന്നു ലഭിച്ച ഫോൺനമ്പറിൽനിന്നും കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗത്തുള്ളവരാണ് മാലിന്യംതള്ളിയതിനുപിന്നിലെന്ന് തിരിച്ചറിഞ്ഞു.
സംഗതിയുടെ ഗൗരവം ബോധ്യപ്പെടുത്തിയതോടെ മാലിന്യം നിക്ഷേപിച്ചവർ സ്ഥലത്തെത്തി. പഞ്ചായത്ത് ഓഫിസിലെ പരാതി പരിഹാര സമിതിക്കുമുന്നിൽ ഹാജരായ ഇവർ മാപ്പുപറഞ്ഞ് 14,000 രൂപ പിഴയൊടുക്കി.