ഇരിട്ടി: പുന്നാട് ടൗണിലും പരിസര പ്രദേശങ്ങളിലും ഭീതി പടർത്തി പേപ്പട്ടിയുടെ പരാക്രമം. വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പട്ടിയുടെ കടിയേറ്റു. പുന്നാട് ടൗൺ, പുന്നാട് മുത്തപ്പൻ മടപ്പുര, കുഴുമ്പിൽ അമ്പലം മേഖലകളിൽ രണ്ട് മണിക്കൂർ നേരം ഭീതി പടർത്തിയ നായെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ 6.30 നും 8.30നും ഇടയിലാണ് നായ് വീട്ടിലും റോഡിലുമായി നാട്ടുകാരെ ആക്രമിച്ചത്.
പുന്നാട് കോട്ടത്തെകുന്ന് വിഷ്ണു നിവാസിൽ ഇ. പവിത്രൻ (58), വട്ടക്കയം ധന്യ നിവാസിൽ കെ. പ്രഭാകരൻ (54), മീത്തലെ പുന്നാട് ലക്ഷംവീട് കോളനിയിലെ കെ. മുഹമ്മദ് (32), പുന്നാട് പൂമരം കിളിയങ്ങാട് ഹൗസിൽ കെ.സി. സുരേന്ദ്രൻ (60) വിദ്യാർഥിയും പുന്നാട് സ്വദേശിയുമായ മുഹമ്മദ് സിയാൻ (12), പുന്നാട് പുല്യാഞ്ഞിയോടൻ ഹാസിൽ കെ. ജയദേവൻ(62), പുരുഷോത്തമൻ(62), മുരളീധരൻ(59),വി. പുരുഷോത്തമൻ(59), മട്ടന്നൂർ കോളജ് റോഡിലെ വിശ്വാസ് ഭവനിൽ സഫീർ(32), കെ.സി രാധാകൃഷ്ണൻ(55), പി.വി ബാബു (58), പടിയൂരിലെ കെ. ഷിജോമോൻ (48) എന്നിവർക്കാണ് കടിയേറ്റത്. പുന്നാട് ടൗണിൽ ലോട്ടറി സ്റ്റാൾ നടത്തുന്ന പവിത്രന്റെ കൈ എല്ലിന് പൊട്ടലുണ്ട്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവർ കണ്ണൂർ ജില്ലാശുപത്രിയിൽ ചികിത്സതേടി.
പുന്നാട് ടൗണിന് അരക്കിലോമീറ്ററിനുള്ളിലുള്ളവർക്കാണ് കടിയേറ്റത്. മിക്കവർക്കും രാവിലെ ജോലിക്കുപോവുന്നതിനിടെയാണ് കടിയേറ്റത്. വീട്ടുമുറ്റത്തുവെച്ച് കടിയേറ്റവരുമുണ്ട്. പ്രഭാത നടത്തത്തിനിറങ്ങിയ പി.വി. ബാബുവിനാണ് ആദ്യം കടിയേറ്റത്. രാവിലെ 6.30ന് നടത്തം കഴിഞ്ഞ് പുന്നാട് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വിശ്രമിക്കുന്നതിനിടെയാണ് നായ് ആക്രമിച്ചത്. ഇടതുകാലിന്റെ രണ്ടുഭാഗത്തും കടിയേറ്റു.
പിന്നീടാണ് ടൗണിൽ പുരുഷോത്തമനെയും പവിത്രനെയും മറ്റുള്ളവരെയും കടിച്ചത്. കുളുമ്പിൽ അമ്പലത്തിന് സമീപത്ത് കടിയേറ്റ സുരേന്ദ്രനും കൈക്കും കാലിനും പരിക്കുണ്ട്. മക്കൾക്കൊപ്പം എം.ജി കോളജിലെത്തിയതായിരുന്നു പടിയൂർ സ്വദേശിയായ ഷിജോമോൻ. ഫോട്ടോസ്റ്റാറ്റ് എടുക്കാനായി പുന്നാട് ടൗണിലെത്തിയപ്പോഴാണ് ഷിജോയുടെ കാലിന് കടിയേറ്റത്. രാവിലെ റോഡരികിലെ വീടിന്റെ ഗേറ്റ് തുറന്ന് പുറത്തിറങ്ങിയപ്പോഴാണ് വിദ്യാർഥിയായ മുഹമ്മദ് സിയാന് കടിയേറ്റത്.
പുന്നാട്ടേക്ക് ബൈക്കിൽ വരുമ്പോൾ കെ. മുഹമ്മദിനെ നായ് ചാടി കടിക്കുകയായിരുന്നു. ചെങ്കൽ ലോറിയിൽ ലോഡിങ് തൊഴിലാളിയായ വട്ടക്കയത്തെ പ്രഭാകരൻ വീട്ടിൽ നിന്നും ബസിൽ പുന്നാട് ടൗണിൽ എത്തി ലോറി കാത്ത് നിൽക്കുന്നതിനിടയിലാണ് കടിയേറ്റത്. നായ്ക്ക് പേയിളകിയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.
സീനിയർ വെറ്റിറെനറി സർജൻ ജോഷിയുടെ നേതൃത്വത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇരിട്ടി ടൗണിൽ ഉൾപ്പെടെ മേഖലയിൽ തെരുവുനായ് ശല്യം രൂക്ഷമാണ്.