ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാട്ടിൽ രാഷ്ട്രീയ ശത്രുത വച്ച് ഒരാൾ മറ്റൊരാളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാറില്ലേ എന്നും ജയരാജൻ ചോദിച്ചു.
കേസ് ഉൾപ്പെട്ടവർ അടക്കം നിരവധി പേരുമായി എല്ലാവർക്കും ബന്ധമുണ്ടാകും. കേസിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കേസിൽപ്പെട്ടരാണോ. മാനുഷിക പരിഗണന വെച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില രീതികളുടെയും ശൈലികളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായി വിവാഹം, മരണം എന്നിവക്ക് പോകാറുണ്ട്.
മാനുഷിക മൂല്യങ്ങളെ ഏറ്റവും കൂടുതൽ വിലമതിക്കുന്നവരാണ് കമ്യൂണിസ്റ്റുകാർ. ആക്രമിക്കാൻ വന്നവരാണെങ്കിലും മാനുഷിക, ജീവകാരുണ്യ കാര്യങ്ങൾ തിരികെ ചെയ്ത് കൊടുക്കും. തെറ്റുപറ്റിയവരെ ഉപദേശിച്ച് മെച്ചപ്പെടുത്തി എടുക്കണമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
അടിയന്തരാവസ്ഥ കാലത്ത് തന്നോടൊപ്പം കളവ് കേസ് പ്രതികൾ ജയിലിൽ കഴിഞ്ഞിരുന്നു. അവർക്ക് ഉപദേശം നൽകിയിരുന്നു. അവരെ മെച്ചപ്പെടുത്തി എടുക്കാമെന്ന് എങ്ങനെ കഴിയുമെന്ന് നോക്കിയിരുന്നുവെന്നും ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.