കല്യാശ്ശേരി: കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റേഞ്ച് സി.ഐ.ജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പട്രോളിങ്ങിനിടെയാണ് ആദ്യം ഒരാളെ പിടികൂടിയത്. മാങ്കടവ് കുന്നുംപുറം സ്വദേശി മുഹമ്മദ് അനസ്(26) ആണ് പൊലീസിന്റെ പിടിയിലായത്.
കല്യാശ്ശേരി പൊളിടെക്നിക്കിന് സമീപത്തുവെച്ചാണ് പൊലീസ് ഇയാളെ പിടിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബാക്കി 4 പേർ ഓടി രക്ഷപ്പെട്ടു. ഉച്ചയോടെ വളപട്ടണം പൊലീസിന്റെ നേതൃത്വത്തില്‍ ഓടി രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് ഒരാളെ പിടികൂടി. മാങ്കടവ് ചാൽ സ്വദേശി പി.പി. ഷഫീഖ് (31) നെയാണ് പിടികൂടിയത്.
ഓടിപ്പോയ മറ്റുള്ളവർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. മറ്റുള്ളവരെയും ഉടൻ പിടികൂടാനാകുമെന്ന് പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു. ഹർത്താലനുകൂലികളുടെ ഒരു സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിൽ നിന്നും കുപ്പിയിൽ നിറച്ച പെട്രോളും സഞ്ചിയിൽ കരുതിയ കരിങ്കല്ല് ചീളുകളും പിടിച്ചെടുത്തു.