തളിപ്പറമ്പ്: മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ശനിയാഴ്ച വൈകീട്ട് നാലരക്ക് ശേഷമാണ് മൂന്ന് സ്ത്രീകളുടെ മാലപൊട്ടിച്ച് ആൾ കടന്നുകളഞ്ഞത്.
നാലരയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്തുനിന്ന് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്തയുടെ (50) മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അഞ്ചുമണിയോടെ പാലകുളങ്ങര ശാസ്ത റോഡില്‍വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമ നാരായണന്റെ (57) മൂന്നുപവന്‍ മാലയും തുടർന്ന് 5.20ഓടെ കീഴാറ്റൂരിൽവെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനിയുടെ രണ്ടുപവന്‍ മാലയും പൊട്ടിച്ചുവെന്നാണ് പരാതി.
ചുവന്ന സ്‌കൂട്ടറില്‍ എത്തിയയാളാണ് മാല പൊട്ടിച്ചതെന്ന് സ്ത്രീകള്‍ പറഞ്ഞു. പൊലീസ് പ്രദേശത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുകയാണ്.