പയ്യന്നൂർ: വടക്കെ മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ ചുവടുവെപ്പുമായി പയ്യന്നൂർ ഫിഷറീസ് കോളജ് തിങ്കളാഴ്ച നാടിന് സമർപ്പിക്കും. കൊച്ചി പനങ്ങാട് ആസ്ഥാനമായുള്ള കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന് (കുഫോസ്) കീഴിൽ ആരംഭിച്ച ആദ്യത്തെ കോളജാണ് പയ്യന്നൂരിലേത്. പയ്യന്നൂർ അമ്പലം റോഡിൽ ഒരുക്കിയ വാടക കെട്ടിടത്തിൽ (പഴയ വൃന്ദാവൻ ഓഡിറ്റോറിയം) കോളജിലെ ആദ്യബാച്ച് ക്ലാസുകൾ ഇതിനകം ആരംഭിച്ചു. കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പയ്യന്നൂർ ടെമ്പിൾ റോഡിൽ ഫിഷറീസ് കോളജിന് സമീപമുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര മൈതാനത്ത് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
1979ൽ എറണാകുളത്തെ പനങ്ങാട് ആരംഭിച്ച ഫിഷറീസ് കോളജാണ് സംസ്ഥാനത്തെ ആദ്യ ഫിഷറീസ് കോളജ്. രണ്ടാമത്തെ കോളജാണ് പയ്യന്നൂരിൽ തുടങ്ങുന്നത്. ഫിഷറീസ് മേഖലയിൽ പ്രത്യേകിച്ച് മത്സ്യകൃഷി രംഗത്ത് മലബാർ അഭിമുഖീകരിക്കുന്ന പിന്നാക്കവസ്ഥക്ക് ഇതോടെ ഒരളവുവരെ പരിഹാരമാകുമെന്ന് കുഫോസ് വി.സി പ്രഫ. ഡോ. റോസ്ലിൻ ജോർജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഫിഷറീസ്, സമുദ്രപഠനം തുടങ്ങിയ മേഖലയിൽ വിദ്യാർഥികൾക്ക് അനന്ത സാധ്യതകൾ തുറന്നിടുന്നതാണ് സമുദ്രപഠന സർവകലാശാല എന്നറിയപ്പെടുന്ന കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് (കുഫോസ്). ഇന്ത്യയിലെ ആദ്യത്തെ സമുദ്രപഠന സർവകലാശാലയും കേരളത്തിലാണ്. സമുദ്രപഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാർഥികളാണ് ഓരോ വർഷവും കുഫോസിൽ നിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. മത്സ്യകൃഷി, ജല ആവാസവ്യവസ്ഥ, ടാക്സോണിയും ജൈവവൈവിധ്യവും സമുദ്ര ഉൾനാടൻ മത്സ്യബന്ധനവുമാണ് ഇവിടെ പഠനവിഷയമാക്കുന്നത്. വാർത്തസമ്മേളനത്തിൽ കുഫോസ് രജിസ്ട്രാർ ഡോ. ദിനേശ് കൈപ്പിള്ളി, പി.ആർ.ഒ രാജു റാഫേൽ എന്നിവരും പങ്കെടുത്തു.