മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ടെ വെള്ളക്കെട്ട് പരിഹരിക്കാൻ ശ്രമം തുടങ്ങി. മോട്ടോർ ഉപയോഗിച്ചാണ് വെളളം ഒഴിവാക്കുന്നത്. വെള്ളക്കെട്ട് കെടുതി പരിഹരിക്കാൻ അഞ്ച് എച്ച്.പിയുടെ നാല് മോട്ടോറിന്റെ സഹായത്തോടെ വെള്ളം പുറത്തേക്കൊഴുകുന്ന പണികളാണ് ആരംഭിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച വെളളം ഒഴിവാക്കാൽ രാത്രി വൈകിയും പുരോഗമിക്കുകയാണ്. ഇതിനായി ദേശീയപാതക്കരികിൽ നിർമിച്ച ഓവുചാലിന്റെ സ്ലാബുകൾ നീക്കിയാണ് വെള്ളം ഒഴിവാക്കുന്നത്.
വെള്ളക്കെട്ട് പ്രശ്നത്തിൽ അടിയന്തരപരിഹാരം തേടി വിവിധ രാഷ്ട്രീയ കക്ഷികൾ ദേശീയപാത ഉപരോധവും നാഷനൽ ഹൈവേ അതോറിറ്റി ഓഫിസിന് മുന്നിൽ സമരവും നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇടപെടൽ ഉണ്ടായത്. ദുരിത പ്രദേശം കെ. സുധാകരൻ എം.പി ഉൾപെടെ നിരവധി രാഷ്ട്രീയ നേതാക്കൾ സന്ദർശിച്ചു.