തലശ്ശേരി: പ്രണയനൈരാശ്യത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുല മുമ്പാകെ പൂർത്തിയായി.
പാനൂരിനടുത്ത വള്ള്യായി കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) കിടപ്പുമുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ 49 സാക്ഷികളെ വിസ്തരിച്ചു. 102 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന് ആയുധം വാങ്ങിയ കടയിലെയും പാനൂരിനടുത്ത വള്ളങ്ങാട് സബ് ട്രഷറിക്കടുത്ത് കൂടി പ്രതി കടന്നുപോവുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
സി.സി.ടി.വി ദൃശ്യം സ്ക്രീനിൽ പ്രദർശിപ്പിച്ചാണ് സാക്ഷികളെ വിസ്തരിച്ചത്. പ്രതി ഉപയോഗിച്ച മോട്ടോർ ബൈക്കും കോടതി ഹാളിൽ എത്തിച്ചു. 2022 ഒക്ടോബർ 22ന് രാവിലെ 11.47 നാണ് കേസിനാധാരമായ സംഭവം. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടെ വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി വിഷ്ണുപ്രിയയെ വെട്ടിക്കൊല്ലുകയായിരുന്നു.
പ്രണയാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ മാനന്തേരി താഴെകളത്തിൽ വീട്ടിൽ എ. ശ്യാംജിത്ത് (25) കൊലപ്പെടുത്തിയെന്നാണ് കേസ്. തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തിന് വെട്ടിക്കൊല്ലുകയായിരുന്നു. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ.
കൊലപാതകം നടക്കുമ്പോൾ യുവതി വീട്ടിൽ തനിച്ചായിരുന്നു. അച്ഛന്റെ അമ്മ മരിച്ചതിനാൽ അമ്മയും സഹോദരിയും ആ വീട്ടിലായിരുന്നു. മോട്ടോർ സൈക്കിളിൽ നിന്ന് ഇറങ്ങിയ യുവാവ് വീട്ടിലേക്ക് കയറിപ്പ്പോന്നത് കണ്ടതായി അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റിലായത് മുതൽ പ്രതി ശ്യാംജിത്ത് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ ഹാജരായി.