തലശ്ശേരി: പഴയ ബസ് സ്റ്റാൻഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ വീണ്ടും അപകടം. കോംപ്ലക്സിന്റെ താഴെ നിലയിൽ കോൺക്രീറ്റ് സീലിങ്ങിലെ ഒരു ഭാഗത്തെ സിമന്റ് പാളികളാണ് അടർന്നുവീണത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. ശീതൾ റെഡിമെയ്ഡ്സിന് മുന്നിലെ വരാന്തയിലെ മുകൾഭാഗത്തെ ഒരു പാളിയാണ് ഇരുമ്പ് കമ്പികൾ ദ്രവിച്ച് പൊട്ടിവീണത്. സിമന്റ് കട്ട ഇളകി കടയുടെ എ.സി.പി ഷീറ്റടക്കം ഇളകി താഴെ വീഴുകയായിരുന്നു.
ശബ്ദം കേട്ടയുടനെ ആളുകൾ മാറിയതിനാലാണ് ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞയുടൻ നഗരസഭാംഗങ്ങളും വ്യാപാരി സംഘടന ഭാരവാഹികളും സ്ഥലത്തെത്തി. എ.സി.പി ഷീറ്റ് പൊട്ടിവീണതിനാലും നിലത്ത് ഡമ്മിയിൽ ഉപയോഗിച്ച വസ്ത്രങ്ങൾ നശിച്ചതിനാലും ലക്ഷം രൂപയുടെ നാശമുണ്ടായതായി ശീതൾ റെഡിമെയ്ഡ്സ് ഉടമ പുന്നോൽ സ്വദേശി ടി.കെ. അബ്ദുൽ മുനീർ പറഞ്ഞു.